കോട്ടപ്പടിയിൽ ഗോകുലത്തിന്റെ ഗോൾ മഴ, കെ പി എൽ സെമി ഫൈനലിലേക്ക് ആദ്യ ടീമായി

കേരള പ്രീമിയർ ലീഗിൽ സെമിയിലെത്തുന്ന ആദ്യ ടീമായി ഗോകുലം എഫ് സി. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ ഗോകുലത്തിന്റെ അവസാന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ തകർത്തതോടെയാണ് ഗോകുലത്തിന്റെ സെമി ബർത്ത് ഉറപ്പായത്. കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ ഗോൾ മഴ തന്നെയായിരുന്നു ഗോകുലത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഗോകുലം ഇന്ന് വിജയിച്ചത്.

ഗോകുലത്തിന് വേണ്ടി ഏഴു കളിക്കാരാണ് ഇന്ന് സ്കോർ ചെയ്തത്. ഒരു കളിയിൽ കേരള പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും കളിക്കാർ സ്കോർ ചെയ്യുന്നത്. ആദ്യ ഗോൾ പിറക്കാൻ 35ാം മിനുട്ട് വരെ കാത്തു നിൽക്കേണ്ടി വന്ന മത്സരത്തിൽ അതിനു ശേഷം ഗോൾ വർഷമായി. ഫ്രാൻസിസ് സേവിയർ തുടങ്ങിയ ഗോൾ വേട്ട അവസാനിച്ചത് 83ാം മിനുട്ടിൽ ഷിഹാദ് വലകുലുക്കിയതോടെ ആയിരുന്നു. ഇതിനിടയിൽ മുഹമ്മദ് സാലിം(47′), വി പി സുഹൈർ(52′), ആരിഫ് ജാവേദ്(53′), ബ്രൈറ്റ് മെൻഡസ്(57′), സുഷാന്ത് മാത്യു(63′), എന്നിവരൊക്കെ ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ഗോകുലം എഫ് സി കേരള പ്രീമിയർ ലീഗ് സെമിയിലേക്ക് കടന്നു. ഒരു മത്സരം ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള കെ എസ് ഇ ബിയും എഫ് സി കേരളയും തമ്മിൽ ഒരു പോയന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. രണ്ടു ടീമുകൾക്കും കൊച്ചിൻ പോർട്ടുമായാണ് ശേഷിക്കുന്ന മത്സരം. നാലു കളികളിൽ നിന്ന് മൂന്നു പോയന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് എങ്കിലും ബാക്കിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാൽ കൊച്ചിൻ പോർട്ടിന് സെമിയിൽ എത്താം.