സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി ഗോകുലം എഫ് സി

കേരള പ്രീമിയർ ലീഗിൽ ഗോകുലം എഫ് സിക്ക് അഞ്ചാം ജയം. സെൻട്രൽ എക്സൈസിനെയാണ് ഗോകുലം ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം മോശം കാലാവസ്ഥ കാരണം പകുതിക്ക് അവസാനിപ്പിക്കേണ്ടി വന്ന മത്സരം ഇന്ന് പുനരാരംഭിച്ചപ്പോൾ ഗോകുലം മികവ് കാണിക്കുകയായിരു‌ന്നു. 54ആം മിനുട്ടിൽ 0-0 എന്ന സ്കോറിലാണ് ഇന്ന് മത്സരം പുനരാരംഭിച്ചത്.

ബ്രയാൻ ഉമ്നോയ് നേടിയ ഇരട്ടഗോളുകൾ ഗോകുലത്തിനെ സെമിയിലേക്ക് അടുപ്പിക്കുകയായിരുന്നു. 59ആം മിനുട്ടിലും 70ആം മിനുട്ടിലുമായിരുന്നു ഉമ്നോയുടെ ഗോളുകൾ. ലാൽറമൻ മാവിയ ആണ് ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയത്. സെൻട്രൽ എക്സൈസിന്റെ ആശ്വാസഗോൾ മുനീറിന്റെ വകയായിരുന്നു. ജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഗോകുലം സെമി ഫൈനൽ യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി.

ഇന്ന് കേരള പ്രീമിയർ ലീഗിൽ എസ് ബി ഐ കേരള, ക്വാർട്സ് എഫ് സിയെ നേരിടും. മോശം കാലാവസ്ഥ പരിഗണിച്ച് ഇന്ന് 3.30ന് മത്സരം ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial