എസ് ബി ഐ വില്ലനായി കേരള പോലീസ് പുറത്ത്, എഫ് സി തൃശ്ശൂർ സെമിയിൽ

കേരള പോലീസ് കേരള പ്രീമിയർ ലീഗിൽ സെമി കാണാതെ പുറത്ത്. ഇന്ന് എസ് ബി ഐക്ക് എതിരെ തിരുവനന്തപുരത്ത് ഇറങ്ങിയ കേരള പോലീസിന് വിജയത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും സെമിയിലേക്ക് കടക്കാൻ കഴിയില്ലായിരുന്നു. സജിത് പൗലോസ് നേടിയ ഏക ഗോൾ ആണ് കേരള പോലീസിന്റെ പ്രതീക്ഷകൾ തകർത്തത്. 82ാം മിനുട്ടിലായിരുന്നു എസ് ബി ഐക്കു വേണ്ടി സജിത് പൗലോസിന്റെ ഗോൾ.

കേരള പോലീസ് പരാജയപ്പെട്ടതോടെ 10 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ എഫ് സി തൃശ്ശൂർ സെമിയിലേക്ക് കടന്നു. കേരള പോലീസിന് 10 മത്സരങ്ങളിൽ നിന്ന് 17 പോയന്റോടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എസ് ബി ഐ നേരത്തെ തന്നെ സെമി പ്രതീക്ഷകൾ അവസാനിപ്പിച്ചിരുന്നു.

ഗോകുലം എഫ് സി, കെ എസ് ഇ ബി, സാറ്റ് തിരൂർ, എഫ് സി തൃശ്ശൂർ എന്നിവരാണ് സെമി ഫൈനലിൽ കിരീടത്തിനായി പോരാടുക. തൃശ്ശൂരിൽ നടക്കുന്ന സെമിയിൽ എഫ് സി തൃശ്ശൂർ ഗോകുലം എഫ് സിയേയും തിരൂരിൽ നടക്കുന്ന സെമിയിൽ സാറ്റ് തിരൂർ കെ എസ് ഇ ബിയേയും നേരിടും.