കേരള പ്രീമിയർ ലീഗ് സെമിയിലെ ആദ്യ സ്ഥാനം എഫ് സി തൃശ്ശൂർ ഉറപ്പിച്ചു. ഇന്ന് കൊച്ചി പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതോടെയാണ് തൃശ്ശൂർ സെമി ഫൈനൽ യോഗ്യത നേടിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചായിരുന്നു എഫ് സി തൃശ്ശൂരിന്റെ വിജയം. ലീഗിലെ ആദ്യ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ഇതേപോലെ ഒരു തിരിച്ചുവരവ് തന്നെ എഫ് സി തൃശ്ശൂർ നടത്തിയിരുന്നു. അന്നും 2-1ന്റെ ജയം ജാലിയുടെ എഫ് സി തൃശ്ശൂരിനായിരുന്നു.

ഇന്ന് തുടക്കത്തിൽ ലോകൻ മീതെ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ആദ്യം എഫ് സി തൃശ്ശൂർ പതറിയെങ്കിലും പിന്നീട് മികച്ച രീതിയിൽ തൃശ്ശൂർ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഹാരിസാണ് തൃശ്ശൂരിന് സമനില ഗോൾ നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ ഒരു റീബൗണ്ടിൽ നിന്ന് സഫ്വാനാണ് തൃശ്ശൂരിന് ലീഡ് നേടിക്കൊടുത്തത്. സഫ്വാൻ തന്നെ തൃശ്ശൂരിന്റെ ജയവും സെമി യോഗ്യതയും ഉറപ്പിച്ച മൂന്നാം ഗോളും നേടി. അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ അഭിജിതിന് ചുവപ്പും കൂടെ കിട്ടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പൊരുതലും അവസാനിച്ചു.

ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച തൃശ്ശൂരിന്റെ ആറാം ജയമാണിത്. ആറു ജയവും ഒരു സമനിലയുമായി 19 പോയന്റായി എഫ് സി തൃശ്ശൂരിനിപ്പോൾ. ഇതോടെ ഒരു മത്സരം ശേഷിക്കെ തന്നെ എഫ് സി തൃശ്ശൂർ സെമി ഉറപ്പിച്ചു. ഇനി സാറ്റ് തിരൂരിന് മാത്രമെ തൃശ്ശൂരിനെ പോയന്റ് ടേബിളിൽ മറികടക്കാൻ കഴിയൂ. കഴിഞ്ഞ തവണ ഫൈനൽ വരെ കുതിച്ച ടീമാണ് ജാലിയുടെ എഫ് സി തൃശ്ശൂർ.

രണ്ട് മത്സരങ്ങളിൽ രണ്ടും പരാജയപ്പെട്ടു എങ്കിലും ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും സെമി പ്രതീക്ഷയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...