സാറ്റിനെ തച്ചുതകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

കേരള പ്രീമിയർ ലീഗിൽ ഇനി എന്തായാലും സെമി എത്തില്ല എന്ന വിഷമം കേരള ബ്ലാസ്റ്റേഴ്സ് തീർത്തത് സാറ്റ് തിരൂരിന്റെ പുറത്ത്. ഇന്ന് പനമ്പിള്ളി നഗറിൽ നടന്ന മത്സരത്തിൽ ആറു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് സാറ്റിന്റെ വലയിലേക്ക് കയറ്റിയത്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനായി അഫ്ദാൽ ഇരട്ടഗോളുകൾ നേടി. സൂരജ്, റൊംടൻ, സനൽ, ഷൈബോയ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഷഫീഖാണ് സാറ്റിന്റെ ഏകഗോൾ നേടിയത്.

ഇന്നത്തെ ജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഏഴു മത്സരങ്ങളിൽ നിന്നായി 12 പോയന്റുകളായി കേരള ബ്ലാസ്റ്റേഴ്സിന്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ നേരിടും. സാറ്റിന് തോൽവിയോടെ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യാനുള്ള അവസരവും നഷ്ടപ്പെട്ടു. ഗ്രൂപ്പ് എയിൽ എഫ് സി തൃശ്ശൂർ 19 പോയന്റുമായി ഒന്നാം സ്ഥാനത്തും സാറ്റ് തിരൂർ രണ്ടാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial