എഫ് സി തൃശ്ശൂരിനെ ഞെട്ടിച്ച് ഏജീസ് ഓഫീസിന് വിജയം

കേരള പ്രീമിയർ ലീഗിൽ എഫ് സി തൃശ്ശൂരിന് അപ്രതീക്ഷിത പരാജയം. ഇന്ന് തിരുവനന്തപുരത്ത് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഏജീസ് ഓഫീസാണ് എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഏജീസ് ഓഫീസിന്റെ വിജയം. തൃശ്ശൂരിന്റെ പരാജയമറിയാത്ത ആറു മത്സരങ്ങളുടെ കുതിപ്പിന് ഇതോടെ അവസാനമായി. കേരള പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം സാറ്റിനോട് ഏറ്റ പരാജയം മാത്രമായിരുന്നു തൃശ്ശൂർ ഇതിനു മുമ്പ് ഏറ്റുവാങ്ങിയ പരാജയം.

തിരുവനന്തപുരത്ത് ഇന്ന് തുടക്കത്തിൽ ഒരു ഗോളിൻ. മുന്നിട്ട് നിന്ന ശേഷമാണ് എഫ് സി തൃശ്ശൂർ തകർന്നടിഞ്ഞത്. മിഥുൻ നേടിയ ഇരട്ട ഗോളുകളാണ് ഏജീസിന്റെ വിജയത്തിന് ബലമായത്. മിഥുനെ കൂടാതെ കണ്ണനും എഫ് സി തൃശ്ശൂരിന്റെ വലയിലേക്ക് ഗോളടിച്ചു കയറ്റി. പരാജയപ്പെട്ടു എങ്കിലും 12 പോയന്റുമായി എഫ് സി തൃശ്ശൂർ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. പക്ഷെ 11 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള സാറ്റ് തിരൂർ തൃശ്ശൂരിനേക്കാൾ രണ്ട് കളി കുറവെ കളിച്ചിട്ടുള്ളൂ.

ലീഗിലെ തങ്ങളുടെ രണ്ടാം ജയം കരസ്ഥമാക്കിയ ഏജീസിന് ഇതോടെ ഏഴു പോയന്റായി.