മഹാ ഡെർബിയിൽ മുംബൈ സിറ്റിയെ മറികടന്ന് പൂനെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പൂനെ മുംബൈയെ മറികടന്നത്. ഇരു പകുതികളിലുമായി ഡിയേഗോ കാർലോസും മാഴ്‌സെലിഞ്ഞോയുമാണ് പൂനെയുടെ ഗോളുകൾ നേടിയത്.

പൂനെയുടെ ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. തുടരെ തുടരെ മുംബൈ ഗോൾ മുഖം ആക്രമിച്ച പൂനെ 18ആം മിനുട്ടിൽ ഡിയേഗോ കാർലോസിലൂടെ മുൻപിലെത്തുകയായിരുന്നു. സെൽഫ് ഗോളിന് സമാനമായ ഗോളിലൂടെയാണ് മുംബൈ പിറകിലായത്. സാർഥകിന്റെ ക്രോസിൽ കാർലോസ് ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് മുംബൈ താരം രാജു ഗെയ്ക്‌വാദിന്റെ കാലിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. പന്ത് പോസ്റ്റിൽ കയറുന്നതിനു തൊട്ടു മുൻപ് കാർലോസിന്റെ ചെറിയ ടച്ച് ഉള്ളത്കൊണ്ട് ഗോൾ കാർലോസിന്‌ ലഭിക്കുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ മുംബൈ ഉണർന്നു കളിച്ചെങ്കിലും പൂനെ പ്രതിരോധം മികച്ചു നിന്നതോടെ ഗോൾ നേടാനുള്ള മുംബൈയുടെ ശ്രമങ്ങൾ എല്ലാം വിഫലമാവുകയായിരുന്നു. രണ്ടാം പകുതിയിൽ ബൽവന്തിലൂടെ മത്സരത്തിൽ സമനില പിടിക്കാൻ മുംബൈക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ ലക്‌ഷ്യം തെറ്റി പുറത്ത്പോവുകയായിരുന്നു.

തുടർന്നാണ് മർസെലിഞ്ഞോയിലൂടെ രണ്ടാമത്തെ ഗോൾ നേടി പൂനെ മത്സരം തങ്ങളുടേതാക്കിയത്. ജോനാഥൻ ലൂക്കയുടെ പാസിൽ നിന്ന് പന്ത് ലഭിച്ച മർസെലിഞ്ഞോ മുംബൈ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന് യാതൊരു അവസരവും നൽകാതെ ഗോളകുകയായിരുന്നു. മർസെലിഞ്ഞോയുടെ സീസണിലെ എട്ടാമത്തെ ഗോളായിരുന്നു ഇത്.

ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി പൂനെ പ്ലേ ഓഫ് സാധ്യത സജീവമാക്കി. 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്ത് തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...