അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഡൽഹിയിൽ വെച്ച് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് വിജയിച്ചിരുന്നു. അന്ന് ആദ്യ പകുതിയിൽ മാർസിഞ്ഞോയും ഡാനിലോ ലോപ്പസും നേടിയ ഗോളിലാണ് നോർത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തത്.

പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെ കുറെ അവസാനിച്ച രണ്ടു ടീമുകൾ തമ്മിലുള്ള മത്സരം കൂടിയാണിത്. ജയത്തോടെ സീസണിന്റെ ഒടുക്കം മികച്ച നിലയിലാക്കാനാവും ഇരു ടീമുകളുടെയും ശ്രമം. ലീഗിൽ എ.ടി.കെക്കൊപ്പം ഏറ്റവും കുറച്ച് ഗോൾ നേടിയ ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. വെറും 10 ഗോൾ മാത്രമാണ് ഇതുവരെ നോർത്ത് ഈസ്റ്റ് നേടിയത്. അതെ സമയം ലീഗിലെ ഏറ്റവും മോശം പ്രതിരോധം എന്ന പേരുമായാണ് ഡൽഹി ഇറങ്ങുന്നത്. 30 ഗോളുകളാണ് ഡൽഹി 13 മത്സരങ്ങളിൽ നിന്ന് വഴങ്ങിയത്.

അവസാന നാല് മത്സരങ്ങളിൽ വിജയമറിയാതെയാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ജാംഷഡ്‌പൂരിനെതിരായ മത്സരത്തിൽ വെല്ലിങ്ടൺ പ്രിയോറി നേടിയ അത്ഭുത ഗോളിൽ നോർത്ത് ഈസ്റ്റ് തോൽവി സമ്മതിക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് നിരയിൽ ഹാലിച്ചരൻ നർസരിയും ഹെയ്‌ലോ പിന്റോയും പരിക്കുമൂലം ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.

ഡൽഹി ഡൈനാമോസ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം അറിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ചെന്നൈയിന് എതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സമനിലയായ മത്സരത്തിൽ ഡൽഹി ആദ്യം ഗോൾ നേടിയെങ്കിലും മൈൽസൺ ആൽവേസിലൂടെ അവസാന മിനിറ്റുകളിൽ ഗോൾ നേടി ചെന്നൈയിൻ സമനില പിടിച്ചിരുന്നു. ഡൽഹി നിരയിൽ പ്രീതം കോട്ടലും എഡു മൊയായും പരിക്കിന്റെ പിടിയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...