അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിനു തോൽവി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ കാലു ഉച്ചേ നേടിയ ഏക ഗോളിലാണ് ഡൽഹി ഡൈനാമോസ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ഈ തോൽവിയോടെ സീസണിൽ 10 തോൽവിയെന്ന നാണക്കേടും നോർത്ത് ഈസ്റ്റിന്റെ പേരിലായി. ഡൽഹിയിൽ സ്വന്തം കാണികളുടെ മുൻപിൽ തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി ഡൽഹിയുടെ വിജയം.

ആദ്യ പകുതിയുടെ തുടക്കത്തിൽ ഡങ്ങലിലൂടെ നോർത്ത് ഈസ്റ്റിന് ഗോളടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും താരം പുറത്തടിച്ചു കളയുകയായിരുന്നു. അവസരങ്ങൾ കുറഞ്ഞ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. മത്സരം ഒരു മണിക്കൂറിനു അടുത്ത് എത്തിയപ്പോൾ നോർത്ത് ഈസ്റ്റ് സൂപ്പർ താരം മാർസിഞ്ഞോ പരിക്കേറ്റു പുറത്ത് പോയതും നോർത്ത് ഈസ്റ്റിനു തിരിച്ചടിയായി.

തുടർന്ന് മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഡൽഹി മത്സരത്തിൽ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ കാലു ഉച്ചേയാണ് ഡൽഹിയുടെ വിജയം ഗോൾ നേടിയത്. ഡേവിഡിന്റെ മനോഹരമായ ക്രോസ്സ് ഹെഡ് ചെയ്താണ് കാലു ഉച്ചേ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ രഹനേഷിനെ മറികടന്ന് ഗോൾ നേടിയത്.

ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കിട്ടിയ അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് നോർത്ത് ഈസ്റ്റിനു വിനയായത്. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് ഡൽഹി 11 പോയിന്റുമായി അവസാന സ്ഥാനത്ത് തന്നെയാണ്. 15 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ വ്യത്യാസത്തിൽ ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...