പക വീട്ടാനുള്ളതാണ്, കെ എസ് ഇ ബിയുടെ കണക്ക് പലിശയടക്കം തീർത്ത് ഗോകുലം എഫ് സി

ഗോകുലം എഫ് സിയെ ഇന്ന് തിരുവനന്തപുരത്ത് തടയാനായത് മഴയ്ക്കു മാത്രമായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ കെ എസ് ഇ ബിയോടേറ്റ അപ്രതീക്ഷിത പരാജയത്തിന് കെ എസ് ഇ ബിയുടെ തട്ടകത്തിൽ ചെന്ന് ഗോകുലം കണക്കു തീർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഗോകുലം എഫ് സിയുടെ ജയം. സുഹൈറിന്റെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചത്.

ശക്തമായ മഴ കളിക്ക് വെല്ലുവിളി ആയെങ്കിലും ഗോകുലം ആ മഴക്കു മീതെ ഗോൾ മഴ പെയ്യിക്കുകയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ സുഹൈറിലൂടെ ഗോകുലം മുന്നിലെത്തി. 24ാം മിനുട്ടിൽ സുഹൈർ തന്നെ ലീഡ് രണ്ടാക്കി ഉയർത്തി. സുഹൈറിന്റെ ലീഗിലെ ആറാം ഗോളായിരുന്നു ഇത്. ഇതോടെ ബിനീഷ് ബാലനൊപ്പം ലീഗിലെ ടോപ് സ്കോററായി സുഹൈർ. രണ്ടാം ഗോളോടെ കളി കൈവിട്ട് കെ എസ് ഇ ബിക്ക് ജോബി ജസ്റ്റിനിലൂടെ കളിയിലേക്ക് തിരിച്ചുവരാൻ അവസരം കിട്ടിയെങ്കിലും മിർഷാദിന്റെ രണ്ടു മികച്ച സേവുകൾ ഗോകുലത്തിന്റെ രക്ഷത്തിനെത്തുക ആയിരുന്നു.

82ാം മിനുട്ടിൽ മുഹമ്മദ് റാഷിദും 85ാം മിനുട്ടിൽ മുഹമ്മദ് സാലിമും കൂടെ സ്കോർ ചെയ്തതോടെ കെ എസ് ഇ ബിയോടുള്ള കണക്ക് പലിശയടക്കം തീർക്കുകയായിരുന്നു ഗോകുലം. ജയത്തോടെ 12 പോയന്റുമായി ഗോകുലം എഫ് സി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ഒമ്പതു പോയന്റുള്ള എഫ് സി കേരളയാണ് രണ്ടാമത്.