എഫ് സി കേരളയെ തകർത്ത് ഗോകുലം എഫ് സി ഒന്നാമത്

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥനത്തേക്ക് ഗോകുലം എഫ് സി കുതിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് ഗോകുലം ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. ഇന്ന് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തികച്ചും ഏകപക്ഷീയമായ മത്സരമാണ് നടന്നത്. ഗോകുലത്തിന്റെ ആക്രമണ നിര കുറച്ചു കൂടെ കൃത്യത ഗോൾ പോസ്റ്റിനു മുന്നിൽ കാണിച്ചിരുന്നു എങ്കിലും ഇതിലും വലിയ പരാജയം എഫ് സി കേരളയ്ക്കു നേരിടേണ്ടി വന്നേനെ.

കളിയിലെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. വിദേശ താരം ബെല്ലോ റസാക്കും ഫോർവേഡ് ആരിഫുമാണ് ഗോകുലത്തിനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടത് ‌ ഗോകുലത്തിന്റെ ആദ്യ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയന്റുമായി ഗോകുലം എഫ് സി ഒന്നാമതെത്തി. നാലു കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് പരാജയവുമായി ആറു പോയന്റുള്ള എഫ് സി കേരള ഗ്രൂപ്പിൽ രണ്ടാമതാണ്.