അണ്ടർ പതിനേഴ് ലോകകപ്പ് ചരിത്രത്തിലെ രണ്ടു റെക്കോർഡുകൾ ഈ ലോകകപ്പിന്റെ കൊടിയിറങ്ങുന്നതിനു മുമ്പേ തകരും. അണ്ടർ 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിലും ലോകകപ്പിൽ പിറന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്നതിലുമാണ് ഇന്ത്യൻ ലോകകപ്പ് റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്.

ഫൈനലും മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരവും ശേഷിക്കേ വെറും ആറായിരം ആൾക്കാർ കൂടെ സ്റ്റേഡിയത്തിൽ എത്തിയാൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആളുകൾ കണ്ട അണ്ടർ പതിനേഴ് ലോകകപ്പ് എന്ന റെക്കോർഡ് ഇടാം. 1985ലെ അണ്ടർ പതിനേഴ് ചാമ്പ്യൻഷിപ്പിനാണ് ഇതുവരെ ഏറ്റവും കൂടുതൽ കാണികൾ കയറിയ റെക്കോർഡ്. അന്ന് 12,30,976 പേരാണ് കളികണ്ടത് എങ്കിൽ രണ്ടു മത്സരം ശേഷിക്കേ ഈ ലോകകപ്പിന് സാക്ഷിയായത് 12,24,027 പേരാണ്. ചൈനയിൽ നടന്ന ടൂർണമെന്റിൽ മത്സരങ്ങൾ കുറവായത് കൊണ്ട് ശരാശരി കാണികൾക്കുള്ള റെക്കോർഡ് ചൈനയ്ക്കു തന്നെയാകും.

ആറു വേദികളിലായി നടന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കാണ് ഏറ്റവും കൂടുതൽ കാണികളെ എത്തിച്ചതിനുള്ള റെക്കോർഡ് ഇപ്പോഴുള്ളത്. ഒമ്പതു മത്സരങ്ങൾക്കായി ഇതുവരെ 4,85,693 പേർ കൊൽക്കത്തയിൽ കളികാണാൻ എത്തി.

കളി കാണുന്നത് മാത്രമല്ല ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന റെക്കോർഡും ഇന്ത്യക്കാകും. ഇനി രണ്ടു ഗോളുകൾ കൂടെ മതി കൂടുതൽ ഗോൾ എന്ന റെക്കോർഡ് ഇടാൻ. ഇതുവരെ 50 മത്സരങ്ങളിൽ നിന്നായി 150 ഗോളുകളാണ് ഈ ലോകകപ്പിൽ പിറന്നത്. 152 ഗോളുകൾ എന്ന 2013 യു എ ഇ ലോകകപ്പിലെ റെക്കോർഡ് ആണ് ഇതുവരെയുള്ള റെക്കോർഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...