അലന്‍ , യൂറി ആല്‍ബേര്‍ട്ടോ എന്നിവര്‍ നേടിയ ഗോളുകള്‍ക്ക് മാലിയെ പരാജയപ്പെടുത്തി U-17 ലോകകപ്പ് മൂന്നാം സ്ഥാനം ബ്രസീലിനു. ഇന്ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ നടന്ന മത്സരത്തില്‍ 2-0 എന്ന സ്കോറിനാണ് ജയം ബ്രസീല്‍ സ്വന്തമാക്കിയത്. വിരസമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ബ്രസീലിന്റെ ഇരു ഗോളുകളും പിറന്നത്.

ആദ്യ പകുതി ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ മത്സരത്തിന്റെ 55ാം മിനുട്ടിലാണ് അലന്‍ മാലി ഗോള്‍ വല ചലിപ്പിച്ചത്. ഗോള്‍ നേടി ഏറെ വൈകാതെ അലനെ ബ്രസീല്‍ കോച്ച് പിന്‍വലിക്കുകയും ചെയ്തു. മത്സരത്തില്‍ കൂടുതല്‍ ശ്രമങ്ങളും കോര്‍ണറുകളുമെല്ലാം മാലി ആണ് സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ഇരു ടീമുകളില്‍ നിന്നും തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്ത് വന്നത്.

ഗോള്‍ വീണ ശേഷം തിരിച്ചടിക്കാനുള്ള ശ്രമം മാലിയുടെ ഭാഗത്ത് നിന്നു വന്നുവെങ്കിലും ബ്രസീല്‍ പ്രതിരോധത്തിലും ഗോള്‍കീപ്പറിലും തട്ടി അവ ഒഴിവാക്കുകയായിരുന്നു. അതിനിടെ 88ാം മിനുട്ടില്‍ യൂറി നേടിയ ഗോളിലൂടെ ബ്രസീല്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മത്സരത്തില്‍ 14 കോര്‍ണറുകള്‍ മാലി സ്വന്തമാക്കിയപ്പോള്‍ ബ്രസീലിനു ലഭിച്ചത് 2 കോര്‍ണറുകളാണ്. ഗോളിനായുള്ള 27 ശ്രമങ്ങള്‍ മാലിയില്‍ നിന്നുയര്‍ന്നപ്പോള്‍ 8 അവസരങ്ങള്‍ സൃഷ്ടിക്കാനെ ബ്രസീലിനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...