ക്വാർട്ട്സ് എഫ് സിയുടെ വല വീണ്ടും നിറഞ്ഞു, എഫ് സി കേരളയ്ക്ക് എട്ടു ഗോളിന്റെ ജയം

ക്വാർട്ട്സ് എഫ് സി കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ നാണം കെട്ട തോൽവികളുടെ എണ്ണം കൂട്ടുകയാണ്. ഇന്ന് എഫ് സി കേരളയ്ക്കെതിരെ ഇറങ്ങിയ ക്വാർട്ട്സിന് ലഭിച്ചത് എതിരില്ലാത്ത എട്ടു ഗോളുകളുടെ പരാജയം. കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ക്വാർട്ട്സ് മൂന്നു കളികളിൽ നിന്നായി ഏറ്റു വാങ്ങിയത് 22 ഗോളുകൾ. അടിച്ചത് പൂജ്യവും. നേരത്തെ എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒമ്പതു ഗോളുകളുടെ പരാജയമായിരുന്നു ക്വാർട്ട്സ് എഫ് സിക്ക് നേരിടേണ്ടി വന്നത്.

ഇന്നത്തെ എഫ് സി കേരളയുടെ ജയത്തിൽ തിളങ്ങിയത് ജിതിൻ ആയിരുന്നു. ജിതിൻ ഹാട്രിക്കോടെ മികച്ചു നിന്നു. ഈ സീസണിൽ ലീഗിൽ പിറക്കുന്ന മൂന്നാം ഹാട്രിക്കാണിത്. കേരള പ്രീമിയർ ലീഗിൽ ഇതുവരെ പിറന്ന മൂന്നു ഹാട്രിക്കും എഫ് സി കേരളയുടെ വക തന്നെയാണ്. ജിതിനെ കൂടാതെ ഇരട്ട ഗോളുകളുമായി ഹരികൃഷ്ണനും തിളങ്ങി. ഉബൈദും ജെറിയും ബാലയുമാണ് ബാൽകിയുള്ള ഗോളുകൾ നേടിയത്.

ജയത്തോടെ താൽകാലികമായി എഫ് സി കേരള ഒമ്പതു പോയന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതായി. ഇന്ന് രാത്രി തന്നെ നടക്കുന്ന ഗോകുലം എഫ് സി കെ എസ് ഇ ബി മത്സരത്തിലെ ഫലം ഒന്നാം സ്ഥാനക്കാരുടെ സ്ഥാനം മാറ്റും.