മുഹമ്മദ് പാറക്കോട്ടലിന്റെ ഇരട്ട ഗോളും മറികടന്ന് കെ എസ് ഇ ബിയെ കൊച്ചിൻ പോർട്ട് തളച്ചു

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയ പരമ്പര തുടരാൻ ഇറങ്ങിയ കെ എസ് ഇ ബിക്കു തിരിച്ചടി. ഇന്ന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് കെ എസ് ഇ ബിയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കയറിയാണ് കൊച്ചിൻ പോർട്ട് സമനില പിടിച്ചത്.

സന്തോഷ് ട്രോഫിയിൽ സൂപ്പർ സബ് ആയി ഇറങ്ങി ഇരട്ട ഗോളടിച്ച് മിന്നിയ മുഹമ്മദ് പാറക്കോട്ടിൽ വീണ്ടും ഇരട്ട ഗോളുമായി തിളങ്ങിയ മത്സരമായിരുന്നു ഇന്നത്തേത്. പക്ഷെ വിജയം മുഹമ്മദിന്റെ ടീമായ കെ എസ് ഇ ബിയെ തേടി വന്നില്ല. ആദ്യ രണ്ടു മത്സരത്തിലും വമ്പന്മാരായ ഗോകുലത്തേയും എഫ് സി കേരളയേയും കെ എസ് ഇ ബി പരാജയപ്പെടുത്തിയിരുന്നു.ഇന്ന് കൊച്ചിയിലും മികച്ച തുടക്കമാണ് കെ എസ് ഇ ബിക്ക് ലഭിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കളി തുടങ്ങി അഞ്ചു മിനുട്ടിനുള്ളിൽ തന്നെ മുഹമ്മദ് പാറക്കോട്ടിൽ കെ എസ് ഇ ബിക്ക് ലീഡ് നേടിക്കൊടുത്തു. 59ാം മിനുട്ടിൽ ലീഡ് മുഹമ്മദ് ഇരട്ടിയാക്കിയെങ്കിലും വിജയം കെ എസ് ഇ ബിയുടെ വഴിക്ക് വന്നില്ല.

രണ്ടാം ഗോളിനു ശേഷം ഉണർന്നു കളിച്ച കൊച്ചിൻ പോർട്ട് പത്തു മിനുട്ടുകൾക്കകം രണ്ടു ഗോളുകളും മടക്കി കെ എസ് ഇ ബിക്ക് ഒപ്പമെത്തി. കൊച്ചിൻ പോർട്ടിന്റെ വിദേശ കൂട്ടുകെട്ടുകളായ സില്ല സുലൈമാനും അസ്സാക്കു അക്വായുമാണ് പോർട്ടിനു വേണ്ടി ലക്ഷ്യം കണ്ടത്. ഇന്നത്തെ സമനില കൊച്ചിൻ പോർട്ടിന് ലീഗിൽ തങ്ങളുടെ ആദ്യ പോയന്റ് നേടിക്കൊടുത്തു. ഒരു പോയന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് കൊച്ചിൻ പോർട്ട്. മൂന്നു മത്സരങ്ങളിൽ ഏഴു പോയന്റുള്ള കെ എസ് ഇ ബി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.