ഗോകുലത്തിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് എസ് ബി ഐ തൃക്കരിപ്പൂരിൽ കിരീടം ഉയർത്തി. 2-0നു പിറകിൽ നിന്ന ശേഷം നടത്തിയ വൻ തിരിച്ചുവരവിലൂടെയാണ് എസ് ബി ഐ കേരളത്തിലെ ക്ലബുകളുടെ രാജാക്കന്മാരായത്. നിശ്ചിത സമയത്ത് 2-2ന് അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ എസ് ബി ഐ സ്വന്തമാക്കുകയായിരുന്നു.

പരാജയം അറിയാതെ മുന്നേറുകയായിരുന്ന ഗോകുലം എഫ് സി തന്നെയാണ് ഇന്ന് നടക്കാവ് സ്റ്റേഡിയത്തിൽ മികച്ച രീതിയിൽ കളി തുടങ്ങിയത്. ആദ്യം ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ച് സുശാന്ത് മാത്യുവാണ് ഗോകുലത്തെ മുന്നിലെത്തിച്ച്. ലീഡെടുത്ത ശേഷവും മികച്ച ഒത്തിണക്കം കാണിച്ച ഗോകുലം ഹാഫ് ടൈമിനു തൊട്ടു മുമ്പ് ലീഡ് ഇരട്ടിയാക്കി. മുൻ ഈസ്റ്റ് ബംഗാൾ താരം സുഹൈറാണ് ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയത്.

ആദ്യ പകുതിക്ക് പിരിഞ്ഞതിനു ശേഷം ഇറങ്ങിയ എസ് ബി ഐ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വി പി ഷാജിയുടെ തന്ത്രങ്ങൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫലം കാണാൻ തുടങ്ങി. സജിത് പൗലോസ് നേടിയ ഗോളിലൂടെ എസ് ബി ഐ കളിയിലേക്ക് തിരിച്ചുവന്നു. ഗോകുലം പ്രതിരോധം ശക്തമാക്കിയെങ്കിലും എസ് ബി ഐയെ തടയാൻ കെൽപ്പുള്ളതായില്ല അത്. നിശ്ചിത സമയത്തിനു മുമ്പ് എസ് ബി ഐ സമനില ഗോൾ കണ്ടെത്തി. കളിയിൽ വന്ന രണ്ടു റെഡ് കാർഡുകളും കളിയുടെ ഗതിക്ക് നിർണായകമായി. ഗോകുലത്തിന്റെ സേവിയറും എസ് ബി ഐയുടെ പ്രസൂണുമാണ് റെഡ് കാർഡ് കണ്ട് പുറത്തുപോയത്.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഇരു ഗോൾകീപ്പർമാരും മികവിലേക്ക് ഉയരുന്നതാണ് കണ്ടത്. എസ് ബി ഐയുടെ മിഥുനും ഗോകുലത്തിന്റെ മിർഷാദും രണ്ടു കിക്കുകൾ സേവ് ചെയ്ത് പെനാൾട്ടി ഒപ്പത്തിനൊപ്പം ആക്കിയെങ്കിലും ഗോകുലത്തിന് മൂന്നാമത്തെ കിക്കും പിഴക്കുകയായിരുന്നു. അവസാനം പെനാൾട്ടി 3-2ന് വിജയിച്ച് എസ് ബി ഐ കപ്പു കൊണ്ടു പോയി.

നാല്പത്തി മൂന്നാമത് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പുതിയ പേരുമായി എത്തിയ എസ് ബി ഐക്ക് ഈ കപ്പ് അവരുടെ നില നിൽപ്പിന് അത്യാവിശ്യമായിരുന്നു. കേരള പ്രീമിയർ ലീഗിലെ അവരുടെ പ്രാതിനിധ്യം ഇനിയും ഉറപ്പായിട്ടില്ല. ഈ കപ്പ് കണ്ടെങ്കിലും അധികൃതർ ഫുട്ബോൾ ടീമിനെ നിലനിർത്തുമെന്നും ക്ലബ് കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കും എന്നുമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

Loading...