ഇറ്റലിയിൽ സ്പർസിന്റെ കിടിലൻ തിരിച്ചു വരവ്, യുവന്റസിനെ സമനിലയിൽ തളച്ചു

യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ 2 ഗോളിന് പിറകിൽ പോയിട്ടും ശക്തമായി തിരിച്ചു വന്ന ടോട്ടൻഹാം ഹോട്ട് സ്പർസിന് ചാംപ്യൻസ് ലീഗിൽ നിർണായക സമനില. ട്യൂറിനിൽ അധികമൊന്നും ഗോൾ വഴങ്ങാത്ത യുവന്റസിനെ മത്സരത്തിന്റെ സർവ്വ മേഖലകളിലും ആധിപത്യം പുലർത്തിയാണ് സ്പർസ് സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ 2 ഗോളുകൾക് പിന്നിലായി പോയ സ്പർസ് ശക്തമായ തിരിച്ചു വരവാണ് ഇറ്റലിയിൽ നടത്തിയത്. നിർണായകമായ 2 എവേ ഗോളുകൾ നേടിയതോടെ വെംബ്ലിയിൽ രണ്ടാം പാദ മത്സരത്തിൽ സ്പർസിന് ആത്മവിശ്വാസം ഏറും. ഹിഗ്വെയ്ൻ നഷ്ടപ്പെടുത്തിയ പെനാൽറ്റിയും മത്സര ഫലത്തിൽ നിർണായകമായി.

നോർത്ത് ലണ്ടൻ ഡെർബിയിൽ നിന്ന് 2 മാറ്റങ്ങളുമായാണ് സ്പർസ് ടീമിനെ ഇറക്കിയത്. സെർജ് ഒറിയേയും, ലമേലയും ആദ്യ ഇലവനിൽ ഇടം നേടി. ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് ടോട്ടൻഹാമിന് ട്യൂറിനിൻ ലഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ ജൂവന്റസ് ലീഡ് നേടി. പിയാനിച്ചിന്റെ ഫ്രീകിക്ക് കിടിലൻ ഫിനിഷിലൂടെ ഹിഗ്വെയ്ൻ വലയിൽ എത്തിക്കുകയായിരുന്നു. സ്പർസ് താളം കണ്ടെത്താൻ വിഷമിച്ചതോടെ യുവന്റസിന് കാര്യങ്ങൾ എളുപ്പമായി. 9 ആം മിനുട്ടിൽ ബെൻ ഡേവിസ് ബെർണാദേകിയെ വീഴ്ത്തിയതിന് റഫറി യുവേക്ക് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ഹിഗ്വെയ്ന് പിഴച്ചില്ല. സ്കോർ 2-0. പക്ഷെ പിന്നീട് സ്പർസ് താളം കണ്ടെടുത്തതോടെ യുവന്റസിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. 35 ആം മിനുട്ടിൽ അലിയുടെ പാസ്സിൽ ഹാരി കെയ്ൻ സ്പർസിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. സ്കോർ 2-1. ആദ്യ പകുതി പിരിയാൻ സെക്കന്റുകൾ ബാക്കി നിൽക്കെ സെർജ് ഓറിയേ കോസ്റ്റയെ ബോക്സിൽ വീഴ്ത്തിയതിന് യുവന്റസിന് മത്സരത്തിലെ രണ്ടാം പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ഹിഗ്വെയ്ന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് സ്പർസിന് ആശ്വാസമായി.

രണ്ടാം പകുതിയിലും സ്പർസ് ആധിപത്യം നില നിർത്തിയപ്പോൾ യുവന്റസിന് ആക്രമണത്തിൽ ഒന്നും ചെയ്യാനായില്ല. 71 ആം മിനുട്ടിൽ സ്പർസ് അർഹിച്ച സമനില ഗോൾ കണ്ടെത്തി. എറിക്സൻ ഫ്രീകിക്കിൽ നിന്നാണ് ഡാനിഷ് താരം സ്പർസിനെ ഒപ്പമെത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial