സാന്റിയാഗോ ബെർണാബു പിടിക്കാൻ പുറപ്പെട്ട നെയ്മറിനും സംഘത്തിനും റൊണാൾഡോയും സംഘവും കൊടുത്തത് കനത്ത പ്രഹരം. 3-1 നാണ് നിലവിലെ ജേതാക്കൾ ഫ്രഞ്ച് ഭീമന്മാരെ പരീസിലേക് മടക്കി അയച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് റൊണാൾഡോയുടെ 2 ഗോളുകളുടെ പിൻബലത്തിൽ റയൽ തിരിച്ചടിച്ചത്. മാർസെലോയാണ് റയലിന്റെ മൂന്നാം ഗോൾ നേടിയത്. സ്കോർ 1-1 ഇൽ നിൽക്കെ സിദാൻ നടത്തിയ സബ്‌സ്റ്റിറ്റൂഷനുകളാണ്‌ മത്സരം റയലിന് അനുകൂലമാക്കിയത്. ജയത്തോടെ രണ്ടാം പാദത്തിൽ പാരീസിലേക്ക് പോകുന്ന റയലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാകും.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമുള്ള പ്രകടനമാണ് നടത്തിയത്. റൊണാൾഡോക്ക് മാർസെലോയുടെ പാസ്സിൽ മികച്ച അവസരം ലഭിച്ചെങ്കിലും അറിയോളയുടെ മികച്ച സേവ് രക്ഷക്കെത്തി. നെയ്മർ ഏതാനും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളിലേക്ക്.
എത്തിക്കാനായില്ല. പക്ഷെ 33 ആം മിനുട്ടിൽ എംബപ്പെ ബോക്സിലേക്ക് നൽകിയ പാസ്സ് ക്ലിയർ ചെയ്യുന്നതിൽ റയലിന് പിഴച്ചപ്പോൾ റാബിയോട്ട് ഫ്രഞ്ച് ടീമിനെ മുന്നിലെത്തിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപ് ക്രൂസിനെ ബോക്സിൽ വീഴ്ത്തിയത്തിന് റഫറി റയലിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റൊണാൾഡോ പന്ത് പോസ്റ്റിന്റെ വലത് മൂലയിൽ എത്തിച്ചതോടെ ആദ്യ പകുതിയിൽ സ്കോർ 1-1.

രണ്ടാം പകുതിയുടെ തുടക്കത്തിൽ എംബപ്പേക് നല്ലൊരു അവസരം ലഭിച്ചെങ്കിലും റയൽ ഗോളി നവാസ് ഷോട്ട് തടുത്തു. മത്സരം ഒരു മണിക്കൂർ പിന്നിട്ടിട്ടും ഗോൾ വരാതായതോടെ സിദാൻ ബെയ്‌ലിനെ കളത്തിൽ ഇറക്കി. പക്ഷെ 79 ആം മിനുട്ടിൽ ഇസ്കോയെ പിൻവലിച്ച് സിദാൻ അസെൻസിയോയെ കളത്തിൽ ഇറക്കിയതോടെ റയലിന്റെ കളി മാറി. 83 ആം മിനുട്ടിൽ അസെൻസിയോ ബോക്സിലേക്ക് നൽകിയ പാസ്സ് പി എസ് ജി ഗോളി തട്ടി അകറ്റിയെങ്കിലും അൽപം ഭാഗ്യത്തിന്റെ അകമ്പടിയോടെ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. ഏറെ വൈകാതെ 86 ആം മിനുട്ടിൽ അസെൻസിയോ വീണ്ടും റായലിനെ സഹായിച്ചു. ഇത്തവണ താരം നൽകിയ മനോഹരമായ പാസ്സ് ഗോളാക്കി മാർസെലോ റയലിന്റെ ലീഡ് 3- 1 ആക്കി ഉയർത്തി. പിന്നീട് കാര്യമായി ഒന്നും ചെയ്യാൻ പാരീസിനായില്ല. നിർണായക 2 ഗോൾ ലീഡോടെ റയൽ രണ്ടാം പാദത്തിലേക് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ തയ്യാറെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...