സാഡിയോ മാനെയുടെ കിടിലൻ ഹാട്രിക്കിന്റെ പിൻബലത്തിൽ ലിവർപൂൾ പോർട്ടോയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു. ചാംപ്യൻസ് ലീഗിൽ ആദ്യ പാദ പ്രീ കോർട്ടറിൽ സ്വന്തം മൈതാനത്ത് 5 ഗോളിന് തകർന്നതോടെ പോർട്ടോയുടെ കോർട്ടർ സ്വപ്നങ്ങൾ ഏതാണ്ട് അസ്തമിച്ചു. ചാംപ്യൻസ് ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുടെ സർവ്വ വീര്യവും അറിഞ്ഞ പോർട്ടോക്ക് ഒരു ഘട്ടത്തിൽ പോലും മത്സരത്തിലേക്ക് തിരിച്ചു വരാനായില്ല. ഫിർമിനോ, സലാ എന്നിവരാണ് ലിവർപൂളിന്റെ ശേഷിച്ച ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 25 ആം മിനുട്ടിൽ മാനെയുടെ ഗോളിൽ സ്കോറിങ് ഓപ്പൺ ചെയ്ത ലിവർപൂൾ 4 മിനുട്ടുകൾക്ക് ശേഷം സലാഹിന്റെ മനോഹരമായ ഫിനിഷിൽ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ സീസണിൽ 30 ഗോളുകൾ എന്ന നേട്ടം ഈജിപ്ഷ്യൻ താരം സ്വന്തമാക്കി. സുവാരസിന് ശേഷം 30 ഗോൾ നേട്ടം നേടുന്ന ആദ്യ താരമാണ് സലാ.

രണ്ടാം പകുതിയിൽ 8 മിനുറ്റ് പിന്നിട്ടപ്പോൾ മാനെ തന്റെ രണ്ടാം ഗോളും 69 ആം മിനുട്ടിൽ ഫിർമിനോയും ഗോൾ നേടിയതോടെ ലിവർപൂൾ ജയം ഉറപ്പിച്ചു. 85 ആം മിനുട്ടിലാണ് മാനെ തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. രണ്ടാം പാദത്തിൽ 5 ഗോളുകൾ പിറകിൽ നിന്ന് ആൻഫീൽഡിൽ എന്തെങ്കിലും നേടുക എന്നത് പോർട്ടോക്ക് അസാധ്യമാവും.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...