ബാസലിൽ ക്വാർട്ടർ ഉറപ്പാക്കി സിറ്റി

ഗുണ്ടോഗന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു. ബാസലിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് പെപ്പിന്റെ സംഘം ജയം നേടിയത്. സിറ്റിക്കായി ഗുണ്ടോഗൻ 2 ഗോളുകൾ നേടിയപ്പോൾ, ബെർനാടോ സിൽവ, അഗ്യൂറോ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. നിലവിലെ സാഹചര്യത്തിൽ സിറ്റിയുടെ മൈതാനത്തു ജയിക്കണമെങ്കിൽ ബാസൽ ടീം ഇനി രണ്ടാം പാദത്തിൽ അത്ഭുതങ്ങൾ നടത്തണം.

14 ആം മിനുട്ടിൽ ഗുണ്ടോഗന്റെ ഹെഡറിൽ മുന്നിൽ എത്തിയ സിറ്റി വൈകാതെ 18 ആം മിനുട്ടിൽ ബെർണാണ്ടോ സിൽവയിലൂടെ ലീഡ് രണ്ടാക്കി. പിന്നീട് 23 ആം മിനുട്ടിൽ സെർജിയോ അഗ്യൂറോയും വല കുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ സിറ്റി ജയം ഉറപ്പിച്ചു. ബാസലാവട്ടെ വിൻസെന്റ് കമ്പനി നയിച്ച സിറ്റി പ്രതിരോധത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാനാവാതെ മത്സരത്തിൽ ഭൂരിഭാഗം സമയവും പിൻ സീറ്റിലായിരുന്നു. രണ്ടാം പകുതിയിൽ 8 മിനുറ്റ് പിന്നിട്ടപ്പോൾ ഗുണ്ടോഗന്റെ മനോഹരമായ ഫിനിഷ് സിറ്റിയുടെ നാലാം ഗോളും ഉറപ്പിച്ചു. 4 ഗോൾ ജയത്തോടെ ഇനി എത്തിഹാദിൽ പെപ്പ് പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial