ചെൽസിയുടെ സീസണ് ഇന്ന് നിർണ്ണായക മത്സരം. ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ അവർ ഇന്ന് ബാഴ്‌സയെ നേരിടും. ആദ്യ പാദത്തിൽ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ 1-1 ന്റെ സമനില വഴങ്ങിയ അവർക്ക് ഇന്ന് ഗോളടിക്കാതെ ക്വാർട്ടർ ഫൈനൽ ഇടം ലഭിക്കില്ല. സ്വന്തം മൈതാനത്ത് എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഇറങ്ങുന്ന ബാഴ്സക്ക് ഇന്ന് സാധ്യതകൾ കൂടുതൽ ആണെങ്കിലും അന്റോണിയോ കൊണ്ടേയുടെ തന്ത്രങ്ങൾ അവർ കരുതി ഇരിക്കണം.

വില്ലിയന്റെ മികച്ച ഫോമാണ് ചെൽസിയുടെ പ്രതീക്ഷ. തന്റെ ചെൽസി കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ബ്രസീൽ താരം ഫോം ക്യാമ്പ് ന്യൂവിലും ആവർത്തിച്ചാൽ ചെൽസിക്ക് പ്രതീക്ഷിക്കാം. സ്‌ട്രൈക്കർ റോളാവും കൊണ്ടേക്ക് ഇന്ന് തലവേദന സൃഷ്ടിക്കുക. മൊറാത്ത ഫോമിൽ അല്ലാത്തതും ജിറൂഡിന്റെ വേഗത കുറവും കൊണ്ടേക്ക് സെലക്ഷൻ തലവേദന സൃഷ്ടിക്കും എന്ന് ഉറപ്പാണ്. കൗണ്ടർ അറ്റാക്കിങ്ങിൽ ഉള്ള മികവ് മൊറത്താക്ക് ആദ്യ ഇലവനിൽ അവസരം നൽകിയേക്കും. ആദ്യ പാദത്തിൽ ഹാസാർഡിനെ ഫാൾസ്‌ 9 പൊസിഷനിൽ കളിപ്പിച്ചത് ഇടത്തവന തുടരാൻ സാധ്യതയില്ല. പ്രതിരോധത്തിലേക്ക് കാഹിലിന് പകരം റൂഡിഗർ എത്തിയേക്കും.

മെസ്സി തന്നെയാണ് ബാഴ്സയുടെ പ്രതീക്ഷ. ആദ്യ പാദത്തിൽ നിർണായക എവേ ഗോൾ നേടിയ താരം ഫോം തുടർന്നാൽ ചെൽസിയുടെ സാധ്യതകൾ തീരെ ഇല്ലാതാവും. പരിക്ക് മാറി ഇനിയെസ്റ്റയും ആദ്യ ഇലവനിൽ എത്തിയേക്കും. പ്രതിരോധത്തിൽ ഉംറ്റിറ്റി- പികെ സഘ്യം തന്നെയാവും ഇറങ്ങുക. പൗളീഞ്ഞോ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയില്ല.
ഇരു ടീമുകളും അവസാനം 2012 ഇൽ സെമിയിൽ ക്യാമ്പ് നൂവിൽ ഏറ്റ് മുട്ടിയപ്പോൾ 2-2 സമനില നേടി ചെൽസി ഫൈനലിൽ ഇടം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial