ബിനീഷ് ബാലന് രണ്ടാം മത്സരത്തിലും ഹാട്രിക്, എഫ്.സി കേരള പോർട്ട് ട്രസ്റ്റിനെ തകർത്തു

തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആതിഥേയ ടീമിന്റെ വിജയം.
28-ആം മിനിറ്റിൽ സാദിക്കിലൂടെ എഫ്.സി കേരളയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആതിഥേയരെ ഞെട്ടിച്ച് വിദേശ താരങ്ങളായ സില്ല സുലൈമാന്റെയും, ആസൂഅ-യുടെയും ഗോളുകളിലൂടെ ആദ്യ പകുതിയിൽ 2-1 ന് പോർട്ട് ട്രസ്റ്റ് മുന്നിൽ കയറിയെങ്കിലും രണ്ടാം പകുതിയിൽ ബിനീഷ് ബാലന്റെ തകർപ്പൻ ഹാട്രിക്കിലൂടെ എഫ്.സി കേരള കളിയിലെ ആധിപത്യം തിരിച്ച് പിടിക്കുകയായിരുന്നു.

53,54,80 മിനിറ്റുകളിലായിരുന്നു മുൻ ചർച്ചിൽ ബ്രദേഴ്സ് താരമായ ബിനീഷ് ബാലന്റെ ഗോളുകൾ.
86-ആം മിനിറ്റിൽ സില്ല സുലൈമാനിലൂടെ പോർട്ട് ട്രസ്റ്റ് ഒരു ഗോൾ കൂടെ മടക്കിയെങ്കിലും 90-ആം മിനിറ്റിൽ ജിതിനിലൂടെ അഞ്ചാം തവണയും പോർട്ട് ട്രസ്റ്റ് വലയിൽ പന്തെത്തിച്ച് എഫ്.സി കേരള വിജയം ഉറപ്പിക്കുകയായിരുന്നു.ക്വാർട്സ് കോഴിക്കോടിനെ എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് തോൽപിച്ച കളിയിലും ബിനീഷ് ബാലൻ ഹാട്രിക് നേടിയിരുന്നു.

മൂന്ന് മത്സരങ്ങളിൽ നിന്ന് 6 ഗോളുകളുമായി ടോപ് സ്കോറെർ പട്ടികയിൽ ബിനീഷ് തന്നെയാണ് മുന്നിൽ.
ജയത്തോടെ ഗ്രൂപ്പ് എ-യിൽ ഗോകുലം എഫ്.സി, കെ.എസ്.ഇ.ബി ടീമുകൾക്കൊപ്പം എഫ്.സി കേരളയ്ക്കും ആറ് പോയിന്റായി. ഗോൾ ശരാശരിയിൽ എഫ്.സി കേരളയാണ് മുന്നിൽ നിൽക്കുന്നത്.

നാളെ ലീഗിൽ മൂന്ന് കളികളാണുള്ളത്.

Quartz soccer vs Gokulam FC
SAT Tirur vs Kerala Police
Central Excise vs SBI