വിജയ് ഹസാരെ ട്രോഫിയില്‍ 2 വിക്കറ്റിന്റെ ജയം നേടി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ആയിരുന്നു കേരളത്തിന്റെ എതിരാളികള്‍. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തു. ഡല്‍ഹി 39.3 ഓവറില്‍ 177 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നിധീഷ് എംഡി നേടിയ നാല് വിക്കറ്റാണ് ഡല്‍ഹിയെ തകര്‍ത്തത്. U-23 ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനത്തിനു ശേഷം തിരിച്ചെത്തിയ ഫനൂസ് രണ്ട് വിക്കറ്റ് നേടി. ഡല്‍ഹിയ്ക്കായി 71 റണ്‍സുമായി ധ്രുവ് ഷോറെ ടോപ് സ്കോറര്‍ ആയി. 9ാം വിക്കറ്റായി ധ്രുവ് ഷോറെ പുറത്തായ തൊട്ടടുത്ത പന്തില്‍ ഡല്‍ഹി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനു കാര്യങ്ങളത്ര സുഖകരമല്ലായിരുന്നു. ആദ്യ വിക്കറ്റില്‍ 54 റണ്‍സ് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തെ ലേശം സമ്മര്‍ദ്ദത്തിലാക്കി. 54/0 എന്ന നിലയില്‍ നിന്ന് 63/3 എന്നും പിന്നീട് 127/5 എന്ന നിലയിലേക്കും കേരളം ചെറിയ സ്കോര്‍ പിന്തുടരുന്നതിനിടെ വീണിരുന്നു. സച്ചിന്‍ ബേബിയും(52) അസ്ഹറുദ്ദീനും(21*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് സ്കോര്‍ 170 ല്‍ നില്‍ക്കെ സച്ചിന്‍ ബേബി പുറത്തായത്. 170/5 എന്ന നിലയില്‍ നിന്ന് 170/7 എന്ന നിലയിലേക്ക് വീണ കേരളം പ്രതിരോധത്തിലായെങ്കിലും ലക്ഷ്യം 8 റണ്‍സ് അകലെ മാത്രമായിരുന്നത് ടീമിനു തുണയായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ ടൂര്‍ണ്ണമെന്റില്‍ പുറത്തെടുത്ത് മികവ് ഈ മത്സരത്തിലും കാഴ്ചവെച്ച് ടീമിനെ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

നവദീപ് അമര്‍ജിത്ത് സൈനി നാലും ഖുല്‍വന്ത് ഖജ്രോലിയ മൂന്നും വിക്കറ്റാണ് ഡല്‍ഹിയ്ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...