ആധികാരിക ജയം, ഇന്ത്യ ഫൈനലില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശുഭ്മന്‍ ഗില്ലും ഇഷാന്‍ പോറലും തിളങ്ങിയ സെമി മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 203 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 272 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആയി. ശുഭ്മന്‍ ഗില്ലാണ് കളിയിലെ താരം. ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം നേടാനായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷാ(41), മന്‍ജോത് കല്‍റ(47) എന്നിവര്‍ക്ക് ശേഷം ശുഭ്മന്‍ ഗില്‍ നേടിയ 102 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ 272/9 എന്ന സ്കോര്‍ നേടുകയായിരുന്നു. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യയെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ പിടിച്ചു കെട്ടുകയായിരുന്നു. അങ്കുല്‍ റോയ് 33 റണ്‍സ് നേടി. ശുഭ്മന്‍ ഗില്‍ പുറത്താകാതെ ഒരു വശത്ത് പിടിച്ചു നിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ നേടുവാന്‍ സമ്മതിച്ചില്ല.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് മൂസ നാലും അന്‍ഷാദ് ഇക്ബാല്‍ മൂന്നും വിക്കറ്റ് നേടി.

ഇഷാന്‍ പോറല്‍ നാല് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിക്കകുയായിരുന്നു കൂട്ടിനു രണ്ട് വീതം വിക്കറ്റ് നേടി ശിവ സിംഗും റിയാന്‍ പരാഗും ചേര്‍ന്നു. പാക് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൊഹൈല്‍ നസീര്‍ 18 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. സാദ് ഖാന്‍(15)നും റൊഹൈലിനും പുറമേ മറ്റൊരു താരത്തിനും രണ്ടക്കം കടക്കാനാകാതെ വന്നപ്പോള്‍ 29.3 ഓവറില്‍ പാക്കിസ്ഥാന്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial