വിജയമൊരുക്കി സ്പിന്നര്‍മാര്‍, പരമ്പരയില്‍ മുന്നിലെത്തി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ ഏകദിന പരമ്പരയില്‍ വീണ്ടും മുന്നിലെത്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റിന്റെ ജയമാണ് നേടിയത്. ആദ്യം ബൗള്‍ ചെയ്ത അഫ്ഗാനിസ്ഥാനെ സ്പിന്നര്‍മാരുടെ പ്രകടനമാണ് മികച്ച വിജയം നേടാന്‍ സഹായിച്ചത്. 34.3 ഓവറില്‍ 154 റണ്‍സിനു അഫ്ഗാനിസ്ഥാന്‍ സിംബാബ്‍വേയെ പുറത്താക്കുകയായിരുന്നു. റഷീദ് ഖാന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുജീബ് സദ്രാന്‍ മൂന്ന് വിക്കറ്റുമായി റഷീദിനു മികച്ച പിന്തുണ നല്‍കി. സിംബാബ്‍വേയ്ക്കായി ക്രെയിഗ് എര്‍വിന്‍ 39 റണ്‍സും സിക്കന്ദര്‍ റാസ 38 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനു തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റഹ്മത് ഷാ-നസീര്‍ ജമാല്‍ കൂട്ടുകെട്ട് ടീമിനെ വിജയത്തിനോടു കൂടുതല്‍ അടുപ്പിച്ചു. 56 റണ്‍സ് നേടി ഷാ പുറത്തായെങ്കിലും ജമാല്‍ തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നു. 27.3 ഓവറില്‍ വിജയം കുറിക്കുമ്പോള്‍ 19 റണ്‍സുമായി മുഹമ്മദ് നബി ക്രീസിലുണ്ടായിരുന്നു. 50 റണ്‍സ് നേടിയ നാസിര്‍  ജമാല്‍ ആണ് പുറത്തായ നാലാമത്തെ ബാറ്റ്സ്മാന്‍.

സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial