ഇറാനി കപ്പിനായുള്ള വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടത്തില്‍ മികവ് പുലര്‍ത്തി രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭ. ടോപ് ഓര്‍ഡറിന്റെ മികച്ച പ്രകടനത്തില്‍ വേറിട്ട് നിന്നത് വെറ്ററന്‍ താരം വസീം ജാഫറിന്റെ ശതകമായിരുന്നു. ഓപ്പണര്‍ ഫൈസ് ഫസലും സഞ്ജയ് രാമസ്വാമിയും അര്‍ദ്ധ ശതകങ്ങളുമായി മികച്ച തുടക്കമാണ് വിദര്‍ഭയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 101 റണ്‍സാണ് സഖ്യം നേടിയത്. 53 റണ്‍സ് നേടിയ സഞ്ജയ് രാമസ്വാമിയാണ് ആദ്യം പുറത്തായത്. ഫൈസ് ഫസല്‍(89) വസീം ജാഫറുമായി രണ്ടാം വിക്കറ്റിലും ശതക കൂട്ടുകെട്ട് നേടി. 117 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

ഫസല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഗണേഷ് സതീഷും മികച്ച പിന്തുണ വസീം ജാഫറിനു നല്‍കി. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 113 റണ്‍സുമായി വസീം ജാഫറും 29 റണ്‍സ് നേടി ഗണേഷ് സതീഷുമാണ് ക്രീസില്‍. ആദ്യ ദിവസം 90 ഓവറുകള്‍ നേരിട്ട വിദര്‍ഭ 289 റണ്‍സാണ് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി അശ്വിനും ജയന്ത് യാദവും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial