ലോകത്തെ ഏറ്റവും മികച്ച ഒരു ടോപ് ഓർഡർ ആണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഉള്ളത്. ധവാൻ, രോഹിത് ശർമ, വിരാട് കോഹ്ലി ഒക്കെ ഈയടുത്ത സമയത്ത് ഒരുമിച്ച് ഫോം ഔട്ട് ആയിട്ടുമില്ല. ഇതിൽ ആരെങ്കിലും ഒരാൾ ഫോമിൽ ഇല്ലെങ്കിലും അത് ബാലൻസ് ചെയ്യാൻ മറ്റ് രണ്ടുപേർക്കും ആകുന്നു.

എന്നാൽ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീം കുറച്ച് നാളുകൾ ആയി നേരിടുന്ന ഒരു പ്രശ്നമാണ് മദ്ധ്യനിരയിലെ ബാറ്റിംഗ് പ്രശ്നങ്ങൾ. പല കളിക്കാർ, പല കോംബിനേഷനുകളിൽ വന്നിട്ടും അതൊന്നും തന്നെ നല്ല രീതിയിൽ വിജയിച്ചിട്ടില്ല.

ഇപ്പൊൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയ്ക്ക് മുന്നേ നടത്തിയ പ്രസ്താവന വെച്ച് നോക്കുകയാണെങ്കിൽ രഹാനെ തന്നെയാകും ഇനി കുറച്ചധികം നാൾ ഇന്ത്യയുടെ നാലാം പൊസിഷനിൽ കളിക്കുക. ഇൗ ഒരു പരാമർശം ഉണ്ടായപ്പോൾ തന്നെ പലരും ചർച്ച ചെയ്ത ഒരു കാര്യമാണ് ഇൗ തീരുമാനം എത്രത്തോളം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന്. കാരണം രഹാനെയ്‌ക്ക്‌ ഉള്ള ചില പരിമിതികൾ തന്നെയാണ്. സ്ട്രൈക്ക്‌ റേറ്റ് പലപ്പോഴും ഉയർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നെങ്കിലും എളുപ്പത്തിൽ നടക്കുന്നില്ല. കൂടുതൽ സമയം നിന്നാലും അദ്ദേഹത്തിന്റെ ഇന്നിങ്സിന്റെ അവസാനം കാര്യമായ ആക്സിലറേഷൻ കാണാൻ കഴിയില്ല. ടെക്നിക്കലി ഇന്ത്യയിൽ ഇപ്പൊ ഉള്ളതിൽ ഏറ്റവും മികച്ച ഒരു കളിക്കാരൻ തന്നെയാണ് രഹാനെ എന്നതിൽ തർക്കമില്ല. ചിലപ്പോൾ അതൊരു മെന്റൽ ബ്ലോക്ക് ആയിരിക്കാം. കൂടുതൽ അവസരം കിട്ടുമ്പോൾ മാറിയേക്കാം. പക്ഷേ എത്രനാൾ? അടുത്ത ലോകകപ്പ് ഒരു വർഷം മാത്രം അകലെ നിൽക്കെ ഇപ്പഴും നാലാം നമ്പർ ആരാണെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇന്ത്യ.

പിന്നെയുള്ളത് മനിഷ്‌ പാണ്ഡെ, ശ്രേയസ് അയ്യർ, കേദാർ ജാഥവ്, ദിനേശ് കാർത്തിക് ഇതിൽ ആരെങ്കിലും മാറി മാറി കളിക്കുന്ന അഞ്ചാം പൊസിഷൻ. കേദാർ ജാഥവ് ഏകദേശം ആ സ്ഥാനം കയ്യിലടക്കി എന്ന് തോന്നിയപ്പോഴാണ് ഫോം നഷ്ടമായത്. പിന്നെ പലരും വന്നെങ്കിലും സ്ഥാനം ഉറപ്പിക്കാൻ മാത്രമുള്ള പ്രകടനങ്ങൾ ഉണ്ടായില്ല.

ആറാം സ്ഥാനത്ത് ഇപ്പൊൾ കൂടുതൽ കളിക്കുന്നത് ധോണിയാണ്. പക്ഷേ ധോണിക്ക് പഴയത് പോലെ ആദ്യ പന്ത് മുതൽ അടിച്ചുകളിക്കാൻ പറ്റുന്നില്ല. കുറച്ച് സമയം എടുത്ത് നിലയുറപ്പിച്ചതിന് ശേഷം അവസാനം മാത്രമാണ് ധോണി അടിക്കാൻ ശ്രമിക്കുന്നത്. ധോണി തന്നെയായിരിക്കും 2019 വേൾഡ് കപ്പ് ഇന്ത്യയുടെ കീപ്പർ എന്ന് കരുതാൻ കാരണങ്ങൾ ഉണ്ട്. ധോണി തന്നെ അതൊരിക്കൽ പരാമർശിച്ചു. പോരാത്തതിന് വേറൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ഇന്ത്യ കീപ്പിംഗിന് ഇൗ അടുത്തൊന്നും പരീക്ഷിച്ചിട്ടുമില്ല.(ദിനേശ് കാർത്തിക് കളിച്ചെങ്കിലും കീപ്പിംഗ് ധോണി തന്നെയായിരുന്നു).

പിന്നെ ഏഴാമത് കളിക്കുന്നത് ഹർധിക് പാണ്ഡ്യ ആണ്. സാഹചര്യത്തിന് അനുസരിച്ച് മുകളിലുള്ള സ്ഥാനങ്ങളിലും കളിച്ചിട്ടുണ്ട്. സ്ഥിരത ഇല്ലാതെ വലയുകയാണ് പാണ്ഡ്യ ഇപ്പൊൾ.

ടോപ് ഓർഡർ പലപ്പോഴും ഇന്ത്യയെ രക്ഷിക്കുന്നു. ഈയടുത്ത് മദ്ധ്യ നിര ഉത്തരവാദിത്വത്തോടെ സ്ഥിരതയുള്ള കളി കളിച്ച ഒരു മുഴുപരമ്പര പോലും ഓർത്തെടുക്കാൻ ആരാധകർ പാടുപെടുന്നു. കളിക്കാരിൽ വിശ്വാസം കൂടുതലായി അർപ്പിച്ചാൽ ഇൗ പ്രതിസന്ധി മറികടക്കാൻ കഴിയുന്നതെ ഉള്ളൂ. ഇടയ്ക്കിടെ (ഒരു കളി നടക്കുമ്പോൾ അതിലെ സാഹചര്യം അനുസരിച്ച് ബാറ്റിംഗ് ഓർഡർ മാറ്റുന്നതല്ല ഉദ്ദേശിച്ചത്) ടീമിന്റെ ബാറ്റിംഗ് ഓർഡർ മാറ്റാതെ സ്ഥിരമായി ഒരു ലൈൻ അപ്പ്‌ കണ്ടുപിടിക്കാൻ അതും വേഗത്തിൽ കഴിഞ്ഞാൽ നല്ലത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...