വീണ്ടും വിവാദത്തില്‍ അകപ്പെട്ട് റബാഡ, ഐസിസിയുടെ നടപടിക്ക് വിധേയന്‍

പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന കാരണത്താല്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡയ്ക്ക് ഐസിസിയുടെ തിരിച്ചടി. ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 15 ശതമാനം പിഴയുമാണ് ഇപ്പോള്‍ റബാഡയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

മത്സരത്തിന്റെ എട്ടാം ഓവറില്‍ ശിഖര്‍ ധവാനെ പുറത്താക്കിയ കാഗിസോ റബാഡ ശിഖറിന്റെ പുറത്താക്കല്‍ ആഘോഷിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. റബാഡയുടെ ഈ പ്രതികരണം ശിഖര്‍ ധവാനെയും പ്രകോപിതനാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ 3 ഡിമെറിറ്റ് പോയിന്റുകള്‍ നേരത്തെ റബാഡ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ജൂലായില്‍ ലോര്‍ഡ്സില്‍ ബെന്‍ സ്റ്റോക്സിനെതിരെയുള്ള ആക്രോശത്തിനു ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചതോടെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിന്ന് റബാഡയെ വിലക്കിയിരുന്നു. ഇപ്പോള്‍ ഈ വര്‍ഷത്തില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റാണ് റബാഡയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കാലയളവില്‍(24 മാസത്തിന്റെ) എട്ടോ അതിലധികമോ ഡിമെറിറ്റ് പോയിന്റുകള്‍ റബാഡയ്ക്ക് ലഭിക്കുകയാണെങ്കില്‍ രണ്ട് ടെസ്റ്റുകളില്‍ നിന്നോ അല്ലെങ്കില്‍ ഒരു ടെസ്റ്റ് രണ്ട് ഏകദിനം/ടി20, നാല് ഏകദിനം/ടി20 എന്നിവയില്‍ നിന്ന് (ഏതാണോ ആദ്യം വരുന്നത് ആ മുറയ്ക്ക്) താരത്തിനു വിലക്കേര്‍പ്പെടുത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial